- April 12, 2022
- -
ജാളി വീണ്ടും അരങ്ങത്തേക്ക്
ഇന്നത്തെ പുതിയ വീടുകൾക്കെല്ലാം ജാളി വയ്ക്കുന്നത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞു. ഇപ്പോൾ ജാളി ഇല്ലാത്ത പുതിയ വീട് കാണാനില്ല. കോർട്ടിയാർഡിന്റെ ചുമരിൽ, പാർട്ടീഷൻ ഭിത്തിയിൽ കൂടാതെ വീടിന്റെ ഫ്രണ്ട് വാളിൽ വരെ ജാളി ഇടം പിടിച്ചു കഴിഞ്ഞു. കേരളത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥയിൽ ചൂടിനെ നിയന്ത്രിക്കാനും കാറ്റ് കടക്കാനുമുള്ള ഫലപ്രദമാർഗം എന്നതിനൊപ്പം ട്രോപ്പിക്കൽ ശൈലിയുടെ ആംബിയൻസിനു ചേർന്ന് നിൽക്കുന്ന പ്രകൃതം കൂടിയാകുമ്പോൾ ജാളിയെ എല്ലാവരും സ്വീകരിക്കുന്നു.
എന്താണ് ജാളി?
കാഴ്ച, വെളിച്ചം, കാറ്റ് എന്നിവയെ ഭാഗികമായി നിയന്ത്രിക്കുന്ന വിധത്തിലുള്ള ചുവർ നിർമ്മാണ രീതിയാണ് ജാളി. കല്ല്, തടി, ഇഷ്ടിക, കോൺക്രീറ്റ് എന്നിവ കൊണ്ടെല്ലാം നമുക് ജാളി ഭിത്തി പണിതീർക്കാനാകും. ടെറാക്കോട്ട, സ്റ്റീൽ, കോൺക്രീറ്റ് എന്നിവയുടെ റെഡി മെയ്ഡ് ജാളിയും വിപണിയിൽ ലഭ്യമാണ്. പല ഡിസൈനിലും ഇവ ലഭ്യമാകും. ടെറാക്കോട്ട, സ്റ്റീൽ ജാളിക്കാണ് ഡിമാൻഡ് കൂടുതൽ.
പല പല പ്രയോജനങ്ങൾ
വീടിന്റെ ചുമരിൽ ജാളി പിടിപ്പിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ പലതാണ്. വെയിൽ ചൂട് എന്നിവയെ ഒരു പരുധിവരെ തടയുകയും കാറ്റിനെ കടത്തിവിടുകയും ചെയ്യുമെന്നതാണ് ജാളി പിടിപ്പിക്കുന്നതുകൊണ്ടുള്ള പ്രധാന നേട്ടം. കാറ്റിനെയും വെളിച്ചത്തെയും തടസ്സപെടുത്താതെ സെമി ഓപ്പൺ സ്പേസ് ഒരുക്കാനുള്ള ഫസ്റ്റ് ചോയ്സ് ആണ് ജാളി. പല ഡിസൈനിൽ ലഭിക്കുന്ന ഇവ ആകർഷകമായ രീതിയിൽ വീടിന്റെ ഭിത്തിയായി ജാളിയെ സെറ്റ് ചെയ്യുമ്പോൾ ആ വീടിൻറെ മനോഹാരിത കൂട്ടാനും സാധിക്കും.
എന്തെല്ലാം ശ്രദ്ധിക്കാം
ശരിയായ സ്ഥലത്തു അനുയോച്യമായ ഡിസൈനിലുള്ള ജാളി തന്നെ ഉപയോഗിക്കണം. എങ്കിലേ അതുകൊണ്ടുള്ള നേട്ടങ്ങൾ ആ വീടിനു ലഭിക്കൂ. തോന്നിയ സ്ഥലത്തു തോന്നിയപോലെ ജാളി വച്ചുകഴിഞ്ഞാൽ ഉദ്ദേശിച്ച ഫലം അതുകൊണ്ട് കിട്ടില്ല. മുറിയുടെ ഉപയോഗം കാറ്റിന്റേം വെളിച്ചത്തിന്റേം ഗതി എന്നിവയെല്ലാം പരിഗണിച്ചു വേണം ജാളി വയ്ക്കുന്ന ഇടവും അതിന്റെ ഡിസൈനും തീരുമാനിക്കാൻ. വീടിനുള്ളിലെ ചൂട് കുറക്കാനായും ജാളി ഉപകാരപ്പെടും.
ഏതു രീതിയിലൊക്കെ ജാളി നൽകാം
തടി, കട്ട, സ്റ്റീൽ ഷീറ്റ്, തുടങ്ങിയവയൊക്കെ ഉപയോഗിച്ചു ഇഷ്ട്ടപ്പെട്ട ഡിസൈനിലുള്ള ജാളികൾ നിർമ്മിച്ചെടുക്കാം. ഇഷ്ടികയും മറ്റും ഒന്നിടവിട്ട് അടുക്കി നിർമ്മിക്കുന്ന ജാളി ഭിത്തിയാണ് ഏറ്റവും സാധാരണവും ചിലവ് കുറഞ്ഞതും. തടിപ്പലകകൾ ഉപയോഗിച്ചും ഇഷ്ട്ട ഡിസൈനിലുള്ള ജാളികൾ നിർമ്മിക്കാം. തടി സ്റ്റീൽ എന്നിവയിൽ സിഎൻസി വഴി ഇഷ്ട്ട ഡിസൈൻ നൽകുന്നതാണ് പുതിയ ട്രെൻഡ്. എത്ര സങ്കീർണ്ണമായ ജാളി ഡിസൈനും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.
ടെറാക്കോട്ട കോൺക്രീറ്റ് എന്നിവകൊണ്ടുള്ള റെഡി മെയ്ഡ് ജാളികളും വളരെ സുലഭമാണ്. ടെറാക്കോട്ട കൊണ്ടുള്ള റെഡി മെയ്ഡ് ജാളിക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. ആകർഷകമായ പല ഡിസൈനുകളിൽ ലഭിക്കും എന്നുള്ളതാണ് ടെറാക്കോട്ട ജാളിയുടെ ജനപ്രീതിക്കുള്ള പ്രധാന കാരണം. റെഡി മെയ്ഡ് കോൺക്രീറ്റ് ജാലി ലഭ്യമാണെങ്കിലും ടെറാകോട്ടയുടെ അത്ര ഡിസൈനുകളിൽ അവ ലഭ്യമല്ല എന്നതാണ് കോൺക്രീറ്റ് ജാളിയുടെ ഒരു പോരായ്മ. അതുപോലെത്തന്നെ ടെറാകോട്ടയുടെ അത്ര ഫിനിഷിങ്ങും ഇതിനു കിട്ടില്ല എന്നുള്ളതാണ്.
ഇഷ്ടിക ജാളി
ഇഷ്ടികയുടെ അത്ര വലിപ്പത്തിലുള്ള ജാളിയും ഇപ്പോൾ ലഭ്യമാണ്. ഇതുപയോഗിച്ചു സാധാരണപോലെ ഭിത്തി കെട്ടാവുന്നതാണ്. ഇതിൽതന്നെ സാധാരണ ജാളിയും ഫിനിഷിങ് കൂടിയ ജാളിയും ലഭ്യമാണ്. ഫിനിഷിങ് കൂടിയവയ്ക്ക് വിലയിലും കൂടുതൽ വരും.
- 1372
- 0