- June 22, 2024
- -

മഴക്കാലത്ത് നോ ടെൻഷൻ. നോ പൂപ്പൽ നോ ഈർപ്പം
മഴക്കാലം, ഈ സമയത്തു വീടുകൾക്ക് പ്രത്യേകം സംരക്ഷണം ആവശ്യമാണ്. മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീടിനാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് നല്ലതു. ചില കാര്യങ്ങൾ നമുക്ക് ഓർമയിൽ വച്ചാലോ .
വീടുകൾ നിർമ്മിക്കുമ്പോൾ തന്നെ മേൽക്കൂരയുടെ ഘടനയിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മേൽക്കൂരയ്ക്ക് വേണ്ട വാട്ടർ പ്രൂഫിങ് നിർമ്മാണ സമയത്തുതന്നെ നൽകണം. ആ കാര്യത്തിൽ ശ്രദ്ധ കൊടുത്താൽ ചോർച്ചയെ കുറിച്ചോ, ചുമരുകളിലേക്ക് ഈർപ്പം ഇറങ്ങുന്നതിന് കുറിച്ചോ ഉള്ള ടെൻഷൻ ഒഴിവാക്കാം.
പരന്ന പ്രതലമുള്ള മേൽക്കൂരയെക്കാൾ ചെരിഞ്ഞ മേൽക്കൂരയ്ക്കാണ് ചോർച്ചയുണ്ടാകാൻ സാധ്യത കൂടുതൽ. മേൽക്കൂരയിൽ ഓട് പാകുന്നുണ്ടെങ്കിൽ കൃത്യമായ പ്ലാസ്റ്റർ ചെയ്തുവെന്ന് ഉറപ്പുവരുത്തണം. ഓട് മേഞ്ഞ വീടുകൾക്ക് മഴയ്ക്ക് മുന്നേ ചെറിയ അറ്റകുറ്റ പണികളൊക്കെ ആവാം. ചോർച്ചയാണ് വീടിന്റെ ഏറ്റവും വലിയ ശത്രു. ചുവരുകൾ കേടുവരുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് നനവാണ്. പായലും പൂപ്പലും അകറ്റി നിർത്താനുള്ള മാർഗങ്ങളും സ്വീകരിക്കാം.
മഴക്കാലം തുടങ്ങുന്നതിനു മുൻപായി കാർപെറ്റുകളും കുഷ്യൻ കിടക്കകൾ എല്ലാം വെയിൽ കൊള്ളിച്ചു ഈർപ്പം തട്ടാത്ത രീതിയിൽ സൂക്ഷിക്കുക. നന്നായി വെയിൽ കൊള്ളിക്കുന്നത് കാര്പെറ്റുകൾക്കും മറ്റും പുതുമയും വൃത്തിയും നൽകുകയും ചെയ്യുന്നു.
അതുപോലെതന്നെ മഴക്കാലത്തു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് മരം കൊണ്ടുള്ള ഫർണിച്ചറുകൾ. ഫർണിച്ചറുകൾ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു ഈർപ്പം തട്ടാതെ സൂക്ഷിക്കാം. ചുമരുകളിൽ നിന്നും ജനാലകളിൽ നിന്നും കുറച്ചു അകലം പാലിച്ചു സോഫകളും മറ്റും സെറ്റ് ചെയ്യാം.
മഴക്കാലത്തു ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം കഴിയുമ്പോൾത്തന്നെ അവയുടെ പ്ലഗ് സ്വിച്ച് ബോർഡിൽനിന്നും ഊരി ഇടുക. ഇടിമിന്നലുണ്ടാകുമ്പോൾ അവയിൽനിന്നും സംരക്ഷണം കിട്ടുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈർപ്പമുണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റി വയ്ക്കണം.
വീടുപണി നടത്തുന്നവർ മഴക്കാലത്തിനു മുമ്പ് തന്നെ പുറത്തെ പണികളെല്ലാം തന്നെ ചെയ്തു തീർക്കുന്നതാണ് നല്ലതു. പെയിന്റിംഗ്, പോളിഷിങ്, ഇവയ്‌ക്കെല്ലാം ഈർപ്പമുള്ള സമയം ബുദ്ധിമുട്ടാകും. തോരാതെ മഴ പിടിക്കുന്ന സമയത്തു പെയിന്റ് അടിച്ചാൽ അവ പെട്ടന്നുതന്നെ ഇളകി പോകാനും, സാധ്യത ഏറെയാണ്.
- 188
- 0