Open Kitchen Designs kerala

ട്രെൻഡായിക്കൊണ്ടിരിക്കുന്ന ഓപ്പൺ കിച്ചൻ

കാലത്തിനു നേരെ പിടിച്ച കണ്ണാടി അതാണ് അടുക്കള. ഇന്ന് മാത്രമല്ല എന്നും അങ്ങനെയായിരുന്നു. ഓരോ കാലത്തെയും ജീവിതം അതേപോലെ പ്രതിഫലിക്കുകയാണ് അവിടെ. കരിപിടിച്ച മുഖവും വിയർത്തുതളർന്ന ഉടലുമൊക്കെ അതിൽ തെളിഞ്ഞുമറഞ്ഞു. ഏതായാലും ആ കണ്ണാടിയിൽ ഇപ്പോൾ തെളിയുന്നത് പുഞ്ചിരിക്കുന്ന മുഖമാണ്. അതെ ഓപ്പൺ കിച്ചനാണ് പുതിയ കാലത്തിൻറെ പ്രതീകം. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ വീടുകളിലും അതിനു സ്വീകരിതയേറുന്നു. വീട്ടിലെ ആക്ടീവ് സ്പേസ് ആയി അടുക്കള മാറുന്നു. സ്ഥലം കുറവാണെങ്കിലും വിശാലത തോന്നിപ്പിക്കും. വീട്ടുകാർക്ക് ഒരുമിച്ചിരിക്കാൻ അവസരം ഒരുക്കുകയാണ് ഓപ്പൺ കിച്ചൻ.

വേണം കണക്റ്റിവിറ്റി

എപ്പോഴും കണക്ട് ആയിരിക്കണം. ഇന്റര്നെറ്റുമായും പ്രിയപ്പെട്ടവരുമായും. ന്യൂ ജനറേഷൻറെ ഈ ആഗ്രഹം തന്നെയാണ് ഓപ്പൺ കിച്ചനോടുള്ള ഇഷ്ടക്കൂടുതലിന്റെ കാരണം. മുന്നിലെ ഭിത്തിമറ ഒഴിവാകുന്നതിലൂടെ അടുക്കളയിൽ ജോലി ചെയ്യുമ്പോഴും വീട്ടിലെ കളിചിരികളുടെയും വർത്തമാനത്തിന്റെയും ഭാഗമാകാം. ല്യൂട്ടികൾ എന്ത് ചെയ്യുന്നു എന്നും നോക്കാം. അല്ലെങ്കിൽ ലിവിങ്ങിലെ ടി വി കാണുകയോ ചെയ്യാം.
ചുരുക്കത്തിൽ അടുക്കളയിൽ ഇരിക്കുമ്പോഴും വീടിന്റെ ഭാഗമാകാനും വീട്ടിലുള്ളോരുമായി ആശയവിനിമയം നടത്താനും ഉള്ള വലിയ സാധ്യതയാണ് ഓപ്പൺ കിച്ചൻ തുറന്നിടുന്നത്. ഒറ്റപ്പെട്ട ഒരു ഫീൽ ഇവിടെ കിട്ടുന്നില്ല.

സ്ഥാനം പ്രധാനം

വെറുതെ ഒരു ആവേശത്തിന് ഓപ്പൺ കിച്ചൻ പണിയുന്നത് സ്ഥലവും പണവും അപഹരിക്കും. വീട്ടിൽ അതിഥികൾ ഉള്ളപ്പോഴും ഓപ്പൺ കിച്ചൻ ഉപയോഗിക്കാൻ കഴിയണം. അടുക്കള തുറന്ന രീതിയിലാകുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. മറ്റൊന്നുകൂടിയുണ്ട്, മീൻ വറക്കുമ്പോൾ അതിന്റെ മണം വീടാകെ പരക്കുകയും ചെയ്യും. ഈ രണ്ടു കാര്യങ്ങൾക്കും പ്രതിവിധിയുണ്ടെങ്കിലേ ഓപ്പൺ കിചെന്കൊണ്ട് പ്രയോജനമുള്ളു.
അതിനാൽ തന്നെ ഓപ്പൺ കിച്ചന്റെ സ്ഥാനം അതിപ്രധാനമാണ്. അതിഥികൾ വരുമ്പോൾ സ്വകാര്യത ലഭിക്കാനും വീട്ടിലെ ഫാമിലി സ്പേസുമായി കണക്ഷൻ ലഭിക്കുകയും വേണം. പാചകത്തിന്റെ മനം നിയന്ത്രിക്കാനുള്ള വെന്റിലേഷൻ സൗകര്യങ്ങളും ഉണ്ടാകണം.

കൂട്ട് ഫാമിലി ലിവിങ്ങിനോട്

ഡൈനിങ്ങ് സ്പേസിനോട് ചേർന്നായിരുന്നു ഓപ്പൺ കിച്ചൻ ചെയ്തുവന്നിരുന്നത്. എന്നാൽ ഇപ്പോൾ ഫാമിലി ലിവിങ്ങിനോട് ചേർന്നാണ് ഓപ്പൺ കിച്ചൻ വരുന്നത്. അടുക്കള ജോലി ചെയ്യുമ്പോഴും ലിവിങ് റൂമിലിരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാനും ഒപ്പം ടി വി കാണാനും സാധിക്കുന്നു എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള കാരണം.

ഓപ്പൺ കിച്ചന് പിന്നാലെ വർക്കിംഗ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം, എന്നിവയെല്ലാം പ്രത്യേകമായി നൽകുന്ന രീതി കുറഞ്ഞു വരുന്നു. സ്റ്റോറേജിന് അടുക്കളക്കുള്ളിൽത്തന്നെ സ്ഥലം കണ്ടെത്തിത്തുടങ്ങി.

മറക്കരുത് മൂന്നു കാര്യങ്ങൾ

സ്ഥാനം, ആകൃതി, സ്റ്റോറേജ് സൗകര്യം. ഇത് മൂന്നുമാണ് ഓപ്പൺ കിച്ചന്റെ മികവ് നിർണ്ണയിക്കുന്ന ഘടകങ്ങൾ. ഇവ കൃത്യമായി ആസൂത്രണം ചെയ്താൽ കാര്യങ്ങൾ എളുപ്പമായി.

Please follow and like us:
  • 822
  • 0