home construction ideas

ഉയർന്നു വരുന്ന സ്റ്റീൽ കെട്ടിടങ്ങൾ

ദിവസങ്ങൾക്കുള്ളിലാണ് ചില കെട്ടിടങ്ങളുടെ പണി പൂർത്തിയാകുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന് ആരും അതിശയിച്ചു പോകും.

സ്റ്റീൽ ആണ് താരം

പതിവ് രീതിയിലുള്ള കട്ടകെട്ടലും കോൺക്രീറ്റിങ്ങുമൊക്കെ ഒഴിവാക്കി സ്റ്റീൽ ഫ്രെമിൽ കെട്ടിടം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ അതിവേഗ നിർമ്മാണത്തിന് പിന്നിൽ. ഒന്നും രണ്ടുമല്ല അഞ്ചും ആറും നിലകളുള്ള കെട്ടിടങ്ങൾ വരെ ഇത്തരത്തിൽ നിർമ്മിക്കാം.

കോൺക്രീറ്റ് പില്ലർ, ബീം എന്നിവ നിർമ്മിച്ച ശേഷം കട്ടകെട്ടിയുള്ള ഭിത്തിയും കോൺക്രീറ്റ് മേൽക്കൂരയും നൽകിയാണ് സാധാരണ രീതിയിൽ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഇതിനു പകരം സ്റ്റീലിന്റെ പില്ലർ ബീം എന്നിവ നൽകി ഇവയെ ബന്ധിപ്പിച്ചു കനമുള്ള സ്റ്റീൽ പാളി നൽകി തറയൊരുക്കുകയും ഭാരം കുറഞ്ഞ റെഡിമേഡ് ബോർഡ് കൊണ്ട് ചുമർ അഥവാ പാർട്ടീഷൻ വാൾ നിർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

രണ്ടു രീതിയിൽ നിർമ്മിക്കാം

പ്രീ എഞ്ചിനീയറിംഗ് ടെക്‌നിക്, യൂണിവേഴ്സൽ കോളം സെക്ഷൻ എന്നീ രണ്ടു മാർഗങ്ങളിലൂടെ ഇത്തരം കെട്ടിടങ്ങൾ നിർമ്മിക്കാം. സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചു ആവശ്യമായ അളവുകളിലുള്ള പില്ലർ, ബീം എന്നിവ തയ്യാറാക്കിയ ശേഷം നട്ട്, ബോൾട്ട് എന്നിവ ഉപയോഗിച്ചു അവ കൂട്ടി യോജിപ്പിക്കുന്നതാണ് പ്രീ എഞ്ചിനീയറിംഗ് ടെക്‌നിക്.
റെഡിമേഡ് സ്റ്റീൽ പില്ലർ, ബീം എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതാണ് രണ്ടാമത്തെ രീതി. സ്റ്റാൻഡേർഡ് അളവുകളിലായിരിക്കും പില്ലർ ബീം എന്നിവ ലഭിക്കുക. അതിനാൽ ചില സാഹചര്യങ്ങളിൽ ആവശ്യമുള്ളതിലും കനമുള്ള പില്ലർ, ബീം ഉപയോഗിക്കേണ്ടിവരും.

രണ്ടു രീതിയിലുള്ള നിർമ്മാണത്തിനും കോൺക്രീറ്റ് കൊണ്ടുള്ള അടിത്തറക്കും മുകളിൽ സ്റ്റീലിന്റെ ബേസ് പ്ലേറ്റ് പിടിപ്പിച്ചു അതിൽ ബോൾട്ട് യൂണിറ്റ് ഉറപ്പിച്ചാണ് സ്റ്റീൽ പില്ലർ പിടിപ്പിക്കുന്നത്. മണ്ണിന്റെ ഉറപ്പു, കെട്ടിടത്തിന്റെ ഭാരം വിൻഡ് ലോഡ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വിലയിരുത്തിയാണ് അടിത്തറയുടെ ഡിസൈൻ നിശ്ചയിക്കുന്നത്. ഇതിനു വിദഗ്ധരായ സ്ട്രക്ച്ചറൽ എൻജിനീയറുടെ സേവനം അത്യാവശ്യമാണ്.

പലതുണ്ട് പ്രയോജനം

കെട്ടിട നിർമ്മാണം പെട്ടന്ന് പൂർത്തിയാക്കാം എന്നതിനപ്പുറം പ്രയോചനകൾ വേറെയും ഉണ്ട്. ഒരിടത്തു സ്ഥാപിച്ച ഈ കെട്ടിടത്തെ എടുത്തു മറ്റൊരിടത്തു സ്ഥാപിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പാട്ടത്തിനെടുത്ത സ്ഥലത്തു വ്യാപാര സമുച്ചയങ്ങളും മറ്റും നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗമാണിത്.

വീട് നിർമ്മാണം

ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാവുന്നതാണ് ഈ വിദ്യ. ക്രയിൻ ഉപയോഗിച്ചു നിർമ്മാണം നടത്താനുള്ള സൗകര്യം ഉണ്ടാകണമെന്ന് മാത്രം. സാദാരണ രീതിയിലുള്ള ഭിത്തി, കോൺക്രീറ്റ് മേൽക്കൂര എന്നിവ ഒഴിവാക്കാനുള്ള മനസും ഉണ്ടായിരിക്കണം.

Please follow and like us:
  • 454
  • 0