kerala home kitchen countertop ideas

കൗണ്ടർ ടോപ്പിന് ഒന്നിലധികം മെറ്റീരിയൽ ഉള്ളപ്പോൾ നിങ്ങൾ പറ്റിക്കപ്പെടണോ?

മൂന്നു നാല് വര്ഷം മുൻപ് വരെ കിച്ചണിൽ കൗണ്ടർ ടോപ്പിൽ ഗ്രാനൈറ്റ് ആയിരുന്നു ആധിപത്യം. എന്നാലിപ്പോൾ പുതിയ മെറ്റീരിയലുകൾ ഗ്രാനൈറ്റിന്റെ സ്ഥാനം കയ്യടക്കിയിട്ടുണ്ട്. കറ പിടിക്കില്ല നല്ല ഉറപ്പ് എന്നിവയായിരുന്നു ഗ്രാനൈറ്റ് എല്ലാവര്ക്കും പ്രിയപ്പെട്ടതാകാൻ കാരണം. എന്നാൽ ഇതേ ഘടകങ്ങൾക്കൊപ്പം മറ്റു ചില സവിശേഷതകൾ കൂടി വാഗ്ദാനം ചെയ്യുന്ന പുതു മെറ്റീരിയലുകൾ വന്നപ്പോൾ ഗ്രാനൈറ്റിനോടുള്ള പ്രിയം കുറഞ്ഞു. ഗ്രാനൈറ്റിന് ദൗർലഭ്യം നേരിടുന്നതിനാൽ കരിങ്കല്ല് പോളിഷ് ചെയ്ത് ഗ്രാനൈറ്റ് എന്ന വ്യാജേന ഇറക്കുന്നുണ്ട്.ഇതിന് ഈട് വളരെ കുറവാണ്. ഇതും ഗ്രാനൈറ്റിൽനിന്നു ആളുകൾ ഒഴിയാൻ കാരണമായി.

ഇടക്കാലത്തു ആളുകൾ ക്വാർട്സിലേക്കു കൂടു മാറിയെങ്കിലും കറ പിടിക്കുന്ന സ്വഭാവം അതിന്റെ ജനപ്രീതി കുറച്ചു. ക്വാർട്സിന് വില കൂടുതലായതിനാൽ കുറഞ്ഞ വിലയിൽ ഗുണമേന്മ കുറഞ്ഞവ സുലഭമായതോടെ ഉടലെടുത്ത പ്രശ്നമാണ് ഇത്. എന്തായാലും കൗണ്ടർ ടോപ്പിന്റെ കാര്യത്തിൽ അടുക്കളകൾ വേറിട്ടു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മറ്റുചില കൗണ്ടർടോപ്പ് മെറ്റീരിയലുകൾ എന്തെല്ലാമാണെന്ന് നോക്കാം.

ടൈൽ

വലിയ അളവിലുള്ള ടൈൽ കൗണ്ടർ ടോപ്പിനിടുന്നതാണ് ഏറ്റവും പുതിയ ട്രെൻഡ്. കൗണ്ടർടോപ്പിനായി ഡിസൈൻ ചെയ്ത ഈ ടൈൽ കറ പിടിക്കില്ല എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ടൈലിന്റെ താഴെമുതൽ മുകൾ വശം വരെ ഒരേ നിറം ലഭിക്കും. സാധാരണ വിട്രിഫൈഡ് ടൈൽ പോലെ മുകളിലെ പാളിയിൽ മാത്രമല്ല നിറമുള്ളതു എന്ന് ചുരുക്കം. ഇവയുടെ അരികുകൾ ഉരുട്ടിയെടുക്കാനും സാധിക്കും.
ഉപയോഗിച്ചു തുടങ്ങിയിട്ടേ ഉള്ളു എന്നതിനാൽ ഇതിന്റെ പോരായ്മ അറിയാൻ മൂന്നു നാല് മാസം പിടിക്കും എന്നാണു വിദക്തർ പറയുന്നത്.

സീസർ സ്റ്റോൺ

ട്രെൻഡിൽ മുന്നിൽനിൽക്കുന്ന മറ്റൊരു മെറ്റീരിയൽ ആണ് സീസർ സ്റ്റോൺ. ക്വാർട്സ് ആണ് ഇതിന്റെ പ്രധാന ഘടകം. ക്വാർട്സിന്റെ അളവ് കൂടുതലായതിനാൽ മികച്ച നിലവാരം കാഴ്ചവയ്ക്കുന്നു. സീസർ സ്റ്റോൺ എന്ന വിദേശ ബ്രാൻഡിന്റെ പേരിലാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. നല്ല ഫിനിഷിങ് എന്നതാണ് സീസർ സ്റ്റോണിൻ്റെ പ്രത്യേകത. കറ പിടിക്കില്ല എന്നതും ഇതിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്.

കൊറിയൻ ടോപ്

പ്ലൈവുഡിൻറെ ഫ്രെമിലേക്കു കനം കുറഞ്ഞ ഈ മെറ്റീരിയൽ തെർമോഫോമിങ് ചെയ്താണ് കൗണ്ടർ ടോപ്പ് പണിയുന്നത്. കൊറിയൻ എന്ന ബ്രാൻഡ് കാരണം കൊറിയൻ ടോപ്പ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇതിനു അറിവുകളും ജോയിന്റുകളും ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കൗണ്ടർടോപ്പിൻറെ തുടർച്ചയായിത്തന്നെ സിങ്ക്, വാഷ്ബേസിൻ എന്നിവ ചെയ്യാം. 6 mm, 12 mm എന്നീ കനങ്ങളിൽ ലഭിക്കും. കൗണ്ടർടോപ്പിനു 12 mm ആണ് അനുയോജ്യം. ഗുണമേന്മ കുറഞ്ഞതാകുമ്പോൾ കറ പിടിക്കാനും പോറലിനും സാധ്യതയുണ്ട്. ഇവ പല നിറങ്ങളിൽ ലഭ്യമാണ്.

നാനോവൈറ്റ് മാർബിൾ

വെള്ള അടുക്കളകൾ തരംഗമായതോടെയാണ് നാനോവൈറ്റ മാർബിളിന്റെ കാലം തെളിഞ്ഞത്. പേര് സൂചിപ്പിക്കുന്നപോലെ തൂവെള്ള നിറത്തിലെ കൗണ്ടർടോപ്പ് സ്വന്തമാക്കാം. 15 mm, 18 mm, 20 mm എന്നിങ്ങനെ പല കനത്തിലും ജി 3, ജി 5, ജി 6, ജി 7, എന്നിങ്ങനെ പല ഗ്രേഡിലും ലഭ്യമാണ്. ജി 7 ആണ് ഏറ്റവും നല്ലത്. സ്ലാബിന്റെ വലുപ്പത്തിൽ ലഭിക്കുന്നതിനാൽ പണിയുമ്പോഴുള്ള വേസ്റ്റേജ് ശ്രദ്ധിക്കണം. കറ പിടിക്കില്ല, പോറൽ വരില്ല എന്നതാണ് ഇതിന്റെ സവിശേഷത. ചതുരശ്രയടിക്ക് 400 രൂപയാണ് വില വരുന്നത്.

സ്റ്റീൽ

കൗണ്ടർടോപ്പിൽ സ്റ്റീലിനും പ്രിയമേറുന്നു. ഫ്രേമിലേക്കു സ്ക്രൂ ചെയ്താണ് പിടിപ്പിക്കുന്നത്. വൃത്തിയാക്കാൻ എളുപ്പം, കറ പിടിക്കില്ല, ചിതൽ പിടിക്കില്ല, നനഞ്ഞാലും കുഴപ്പമില്ല, ചൂടുവെള്ളം ഉപയോഗിച്ചും വൃത്തിയാക്കാം എന്നുമുള്ളതാണ് ഇതിന്റെ പ്രത്യേകത. 1.5 mm, 2 mm, കനത്തിൽ 304 ഗ്രേഡിലുള്ള സ്റ്റീലാണ് കൗണ്ടർടോപ്പിന് ഉപയോഗിക്കുന്നത്.

Please follow and like us:
  • 651
  • 0