- August 11, 2022
- -
പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ
പഴയ സിമന്റ് തറയുടെ പുനതാവതാരം. അതാണ് പോളിഷ്ഡ് കോൺക്രീറ്റ്. തിളക്കത്തിന്റെയും ഭംഗിയുടെയും കാര്യത്തിൽ സംഭവം ഇറ്റാലിയൻ മാർബിളിനോട് കുടപിടിക്കും. ദീർഘകാല ഈട്, വൃത്തിയാക്കാൻ എളുപ്പം, ടൈലിനെ അപേക്ഷിച്ചു ജോയിന്റ് ഫ്രീ തുടങ്ങിയ ഗുണങ്ങളും പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോറിന്റെ സ്വീകാര്യത കൂട്ടുന്നു.
എങ്ങനെ ഒരുക്കാം
സാധാരണയായി 4 x 4 മീറ്റർ വലുപ്പമുള്ള സ്ലാബുകളായാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ നിർമ്മിക്കുന്നത്. പൊട്ടൽ വിള്ളൽ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ വലുപ്പമുള്ള മുറികളിൽ ഒന്നിലധികം സ്ലാബുകൾ നിർമ്മിക്കേണ്ട വരും. ഗ്രൂവ് ഡിസൈൻ നൽകി അവിടെ പി യു സീലിന്റ നൽകിയും ചേമ്പ്, പിത്തള, സ്റ്റീൽ, തുടങ്ങിയ ലോഹങ്ങൾ സ്ട്രിപ്പായി നൽകിയുമാണ് ജോയിന്റുകൾ ഒരുക്കുന്നത്.
മൂന്നു ഘട്ടങ്ങളായാണ് ജോലികൾ തീർക്കാനാകുക. ചുമരിന്റെ തേപ്പു കഴിഞ്ഞതിനു ശേഷം തറ കോൺക്രീറ്റ് ചെയ്യുകയാണ് ആദ്യപടി. 7, 8 സെ. മീ കനത്തിൽ വേണം കോൺക്രീറ്റ് ചെയ്യാൻ. കോൺക്രീറ്റ് തുറക്കുന്നതിനു മുൻപ് തന്നെ മെഷീൻ ഉപയോഗിച്ച് നല്ലതുപോലെ നിരപ്പാക്കി മുകൾ ഭാഗം മിനുസപ്പെടുത്തും. അതിനു ശേഷം 28 ദിവസത്തേക്ക് ‘ക്യൂവറിങ്’ പ്രക്രിയയ്ക്ക് ഒഴിച്ചിടണം. 10 ദിവസം വെള്ളം കെട്ടി നിർത്തണം.
28 ദിവസത്തിനു ശേഷം ഗ്രൈൻഡിങ് മെഷീൻ ഉപയോഗിച്ചു പോളിഷ് ചെയ്യുന്നതാണ് രണ്ടാം ഘട്ടം. തുടർന്ന് കോൺക്രീറ്റ് ഉറപ്പുകൂടാനുള്ള പ്രത്യേക ലായിനി ഒഴിച്ച ശേഷം വീണ്ടും പോളിഷ് ചെയ്യും.
മൂന്നു ഘട്ടങ്ങളിലായുള്ള പോളിഷിംഗ് ആണ് ഏറ്റവും ഒടുവിലുള്ളത്. കറയും ചെളിയും പിടിക്കാതിരിക്കാനുള്ള സീലർ കോട്ടിങ്ങും ഇതിനൊപ്പം നൽകും.
പഴയ തറ മെച്ചമാക്കാം
നിലവിലുള്ള സിമെന്റ് തറ പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയെടുക്കാനാകും. തറക്ക് ആവശ്യത്തിന് ഉറപ്പും കനവും ഉണ്ടാകണം. ഇത് പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. ഉറപ്പില്ലെങ്കിൽ മെഷീൻ ഉപയോഗിച്ചു പോളിഷ് ചെയ്യുമ്പോൾ പൊട്ടലുണ്ടാകാൻ സാധ്യതയുണ്ട്. പോളിഷ് ചെയ്യുമ്പോൾ നിലവിലുള്ള നിറത്തിനു കൂടുതൽ തെളിമ കിട്ടും. പുതിയ നിറം നൽകാനാകില്ല.
ചെറിയ ചെറിയ പൊട്ടലുകൾ
സിമന്റ് തറയുടെ പ്രത്യേകതകൾ അതുപോലെ ഉൾകൊള്ളാൻ തയ്യാറാകുന്നവർക്കാണ് പോളിഷ്ഡ് കോൺക്രീറ്റ് ഫ്ലോർ ഇണങ്ങുക. ചെറിയ ചെറിയ പൊട്ടലുകൾ ഇവയ്ക്കു വരാൻ സാധ്യതയുണ്ട്. മെഷീൻ പോളിഷ് ചെയ്താണ് മിനുസപ്പെടുത്തുന്നത് എന്നതിനാൽ സ്കർട്ടിങ് നൽകാൻ കഴിയില്ല എന്നൊരു ന്യുതനയുണ്ട്. ചെറിയ സ്ഥലങ്ങളിൽ പോളിഷിംഗ് സാധ്യമല്ലാത്തതിനാൽ സ്റ്റെയർകേസ് ഇത്തരത്തിൽ ചെയ്യാനാകില്ല.
- 784
- 0