- July 22, 2022
- -
കരിങ്കല്ലിനെ തോൽപ്പിക്കുംവിധം ഉറപ്പ് കരിമ്പനയ്ക്ക്
പ്രകൃതിയോട് അടുത്ത വീടുണ്ടാക്കാൻ ആഗ്രഹിക്കുന്നോർക്കു പൂർണ്ണമായി ആശ്രയിക്കാവുന്ന ഒന്നാണ് തടി. നമ്മൾ പാഴ്ത്തടി ആയി കണക്കാക്കിയിരുന്ന ഒന്നാണ് കരിമ്പന. അമ്പത് വർഷത്തിന് മുകളിൽ വരുന്ന കരിമ്പന തടി ഇന്റീരിയറിലേക്കും ഫര്ണിച്ചറിനുമെല്ലാം അനുയോജ്യമാണ്. ജനൽ, വാതിൽ, കട്ടിള, ജനൽ പാളി, ഹാൻഡ്‌റൈൽ, എന്നിങ്ങനെ മറ്റു മരങ്ങൾ ഉപയോഗിച്ചു ചെയ്യാവുന്ന എല്ലാതരം പണികളും കരിമ്പനകൊണ്ട് ചെയ്യാനാകും.
പനയുടെ ഉയരം, വണ്ണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നിർമ്മാണാവശ്യങ്ങൾക്കു ഉപയോഗിക്കാനാകുമോ എന്ന് മനസിലാക്കുന്നത്. മറ്റു തടികളിൽ നിന്നും വിഭിന്നമായി കരിമ്പനയുടെ നടുവിൽ മൃദുവായ ചോറും, ചുറ്റും കാതലുമാണ്. പ്രായം കൂടിയ കരിമ്പനയുടെ നടുവിൽ പേരിനു മാത്രമേ ചോറുണ്ടാകു. നിർമ്മാണ പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാൻ കുറഞ്ഞത് 60 വർഷമെങ്കിലും പ്രായം വേണം. എങ്കിൽ പോലും തടി ചെത്തി മിനുക്കി വരുമ്പോൾ ഏകദേശം രണ്ടു ഇഞ്ചു ഗണത്തിലുള്ള പലകയാണ് കിട്ടുക. താടിയിലെ കറുത്ത നിറത്തിലുള്ള നാരിന്റെ സാന്നിധ്യമാണ് കരിമ്പനത്തടിയുടെ ഭംഗി. പ്രായം കൂടിയ കരിമ്പന കൊണ്ട് നിർമ്മിച്ച സാധനകൾ കൂടുതൽ കാലം നിലനിൽക്കും. മറ്റു തടികളുടെ പോലെ പെട്ടന്ന് ചീർക്കുകയോ വളയുകയോ ഇല്ല. വളരെ കനം കുറഞ്ഞ പലക കൂടുതൽ നീളത്തിൽ ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ചീർക്കുകയും വളയാനും ഉള്ള സാധ്യതയുള്ളൂ.
ലോഹം പോലെ ഉറപ്പുള്ള തടിയാണ് എന്നതാണ് കരിമ്പനയുടെ പ്രത്യേകത. ഇതുകൊണ്ട് നിർമ്മിക്കുന്ന ഫര്ണിച്ചറിനും ആ ഉറപ്പു കാണും. അതുകൊണ്ടുതന്നെ കരിമ്പനത്തടി മുറിക്കാനും കൊത്തുപണി ചെയ്യാനും പ്രയാസമാണ്. ലളിതമായ കൊത്തുപണികൾ മാത്രമേ കരിമ്പനയിൽ ചെയ്യാനാകൂ. ആരിൻറെ ദിശയറിഞ്ഞുവേണം ഡിസൈൻ ചെയ്യാൻ. അല്ലെങ്കിൽ തടി പൊളിഞ്ഞു പോരാൻ സാധ്യതയുണ്ട്. ഡ്രിൽ ചെയ്തു ആണി അടിക്കുന്ന ചെയ്യുക. ആരിൻറെ സ്ഥാനമനുസരിച്ചു തന്നെ വേണം ആണിയടിക്കാനും. ആറിന്റെ എതിർ ദിശയിലാണു ആണി അടിക്കുന്നതെങ്കിൽ അത് ഊരിപ്പോരും ഇത്തരം കാര്യങ്ങളൊക്കെ അറിയുന്ന പണിക്കരാകണം കരിമ്പന പണികൾ കൈകാര്യം ചെയ്യുവാൻ.
കരിമ്പനയുടെ ലഭ്യത കുറവായതിനാലും നിർമ്മാണം പ്രയാസമായതിനാലും കരിമ്പനകൊണ്ടുള്ള ഉൽപ്പന്നങ്ങൾക്ക് വിലയും കൂടുതലാണ്.
- 617
- 0