- May 5, 2022
- -
ടോയ്‌ലറ്റ് – വാസ്തു ശാസ്ത്രം
വാസ്തുശാസ്ത്രാനുസരണം ഗൃഹം രൂപകൽപ്പന ചെയ്യുമ്പോൾ പലരും ടോയ്‌ലെറ്റിന്റെ സ്ഥാനവും അതിലെ സജ്ജീകരണങ്ങളും പ്രാധാന്യത്തോടെ കാണാറുണ്ട്. ഇതിന്റെ പേരിൽ പലരും ടോയ്‌ലെറ്റിനെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. വാസ്തുശാസ്ത്രമനുസരിച്ചു വീടിനുള്ളിൽ ടോയ്‌ലെറ്റിൻറെ സ്ഥാനം തന്നെ കല്പിക്കപ്പെട്ടിരുന്നില്ല. വീടിനു പുറത്താണ് ഇതിനു സ്ഥാനം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അതിലെല്ലാം മാറ്റം വന്നിരിക്കുകയാണ്. കാരണം വീടിനകത്തു ടോയ്‌ലറ്റ് ഇന്ന് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്.
വീടിൻറെ വടക്കുകിഴക്കും തെക്കുപടിഞ്ഞാറും കോണുകളിൽ ടോയ്‌ലറ്റ് ഒഴിവാക്കുന്നത് നന്നായിരിക്കും. കാരണം ഈ രണ്ടു ഭാഗങ്ങൾക്ക് വാസ്തുവിന്യാസപ്രകാരം പ്രാധാന്യം കൂടുതലുള്ള സ്ഥാനങ്ങളാണ്. കൂടാതെ വീടിന്റെ ജീവസൂത്രം കടന്നു പോകുന്ന ഭാഗത്ത് ടോയ്‌ലറ്റ് വരത്തക്കവിധം ഡിസൈൻ ചെയ്യാതിരിക്കുക. മറ്റു രണ്ടു കോണുകളായ തെക്കുകിഴക്കും വടക്കുപടിഞ്ഞാറും ടോയ്‍ലെറ്റുകൾ നൽകുന്നതിൽ തെറ്റില്ല.
ക്ലോസെറ്റുകൾ തെക്കോട്ടും വടക്കോട്ടും അഭിമുഖമായി മാത്രമേ ആകാവൂ എന്ന് ചിലർ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇതിനു യാതൊരു ശാസ്ത്രീയാടിസ്ഥാനവുമില്ല. ആദ്യമൊക്കെ ആളുകൾ രാവിലെയും വൈകീട്ടും വെളിമ്പറമ്പുകളിൽ പോകുമ്പോൾ കണ്ണിൽ വെയിലടിക്കാതിരിക്കാൻ തെക്കോട്ടും വടക്കോട്ടും തിരിഞ്ഞിരിക്കുന്നു രീതി അവലംബിക്കാറുണ്ടായിരുന്നു. ഇതിന്റെ ചുവടു പിടിച്ചു വന്ന വികലമായ ഒരു ആചാരമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ടോയ്‌ലെറ്റിനുള്ളിലെ സൗകര്യമനുസരിച്ച് എങ്ങോട്ടു വേണമെങ്കിലും ക്ലോസറ്റ് വയ്ക്കാവുന്നതാണ്.
പൂജാമുറിയുടെ ഭിത്തിയുമായി ചേർന്ന് ടോയ്‌ലറ്റ് വരുന്നത് ഒഴിവാക്കണം. രണ്ടു നില കെട്ടിടത്തിൽ ടോയ്‌ലെറ്റിന് മുകളിൽ ടോയ്ലറ്റ് വരുന്നതാണ് ഏറ്റവും നല്ലത്. പൂർണ്ണമായി വാസ്തുപരമായി ഒരു വീട് നിർമ്മിക്കണമെങ്കിൽ വീട്ടിൽനിന്നും വേറിട്ടാകണം ടോയ്‌ലറ്റ് നിർമ്മിക്കേണ്ടത്. ടോയ്‌ലെറ്റിൽനിന്നും സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പുകൾ വീടിനു പുറത്തുകൂടെ എടുക്കുന്നതാണ് നല്ലത്. ഇവ വടക്കുകിഴക്കോ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇണ്ടാകില്ല. കാരണം ഭൂനിരപ്പിനടിയിലേക്കു വാസ്തുവിനു പ്രാധാന്യമില്ല.
- 1011
- 0