- July 29, 2025
- -
ഒട്ടനവധി നിറങ്ങൾ നമുക്കുണ്ടെങ്കിലും പ്രകൃതി നമ്മുക്കായി ഒരുക്കിയ വിസ്മയങ്ങൾ അധികവും വെള്ള, കറുപ്പ്, പച്ച, നീല നിറങ്ങളിലാണുള്ളത്. നമ്മുടെ സമൂഹം സാംസ്കാരികമായി പുരോഗമിച്ചപ്പോൾ വെളുപ്പ് ജ്ഞാനത്തെയും കറുപ്പ് അഞ്ജനത്തെയും പച്ച സമൃതിയെയും, നീല അനന്തതയെയും കാണിക്കുന്ന നിറങ്ങളായി മാറി.
നീല നിറം ആകാശത്തിന്റെയും പച്ച സസ്യലതാതികളുടെയും നിറമാണല്ലോ. ആ നിലയ്ക്ക് നമ്മുടെ ഗൃഹങ്ങളിൽ പ്രസ്തുത നിറങ്ങളുടെ ഒരു കൂട്ടായ്മ നൽകുന്നത് അഭികാമ്യമായിരിക്കും. ഗൃഹത്തിന്റെ ചുറ്റുമുള്ള വൃക്ഷ വിന്യാസവും അതുപോലെതന്നെ നാം നടത്തുന്ന ലാൻഡ്‌സ്‌കേപ്പിംഗുകളും ഇത് മുൻനിർത്തിയാവണം നടത്തേണ്ടത്. കടുത്ത നിറങ്ങൾ ഉണ്ടാക്കുന്ന മനം മടുപ്പ് ഇതുവഴി ഒഴിവാക്കാവുന്നതാണ്. വാസ്തുവിന്റെ കാഴ്ചപ്പാടിൽ വീടിനോട് ചേർന്നോ വീടിനുള്ളിലോ ചെടികൾ വയ്ക്കാൻ പാടില്ല. ബോൺസായ് പോലുള്ള ചെടികളും കൂവളമൊഴികെയുള്ള മുള്ളുള്ള ചെടികളും ലാൻഡ്‌സ്‌കേപ്പിങ്ങിന് അനുയോജ്യമല്ല. കണിക്കൊന്ന, കൂവളം, ചന്ദനം, ചെമ്പകം, മുല്ല, പിച്ചി തുടങ്ങിയ പച്ച നിറത്തിന്റെ വിവിധ ഭാവങ്ങൾ ഉൾക്കൊള്ളുന്ന ചെടികൾ വീടിനു ചുറ്റും അൽപ്പം മാറി നടാവുന്നതാണ്. തെച്ചി, മന്ദാരം, മുല്ല, പിച്ചി, മുക്കുറ്റി, ചെമ്പരത്തി, തുളസി തുടങ്ങിയവ നമ്മുടെ ലാൻഡ്സ്‌കേപ്പിൽ ഇടം നേടേണ്ടവയാണ്.
ഈ നാടൻ സസ്യങ്ങളിൽ ഉണ്ടാകുന്ന പുഷ്പങ്ങളും ഇതിൽ തട്ടി ഗൃഹത്തിനുള്ളിലേക്കു വരുന്ന കാറ്റിൻറെ മണവും ഇവയുടെ കൺകുളിർപ്പിക്കുന്ന പച്ചപ്പും ചേരുമ്പോൾ നമ്മുടെ വീട്ടിലെ ഓരോ പ്രഭാതവും അതി മനോഹരമായിത്തന്നെയിരിക്കും. ഇവ നൽകുന്ന ഗൃഹാതുരതയും ശാന്തിയും പ്രതീക്ഷകളും ആധുനിക ഗൃഹസംവിധാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
- 30
- 0




