kerala state electricity

വൈദ്യുതിയെക്കുറിച്ചു അറിയേണ്ടതെല്ലാം

വൈദ്യുതി കണക്ഷൻ എടുത്താൽ നിരക്ക് കൃത്യമായി അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും എന്നതിലപ്പുറം വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട മിക്ക നിയമങ്ങളെ കുറിച്ചും നമ്മൾ അജ്ഞാതരാണ്. വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രയോചനപ്രദമാകുന്ന പല നിയമങ്ങളും ഉണ്ട്. അതുപോലെതന്നെ ഉപഭോക്താക്കൾ പാലിക്കേണ്ട നിയമങ്ങളുമുണ്ട്. അവ ലംഘിച്ചാൽ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും.

സിംഗിൾ ഫേസ്, ത്രീ ഫേസ് കണക്ഷനുകൾക്കു വീടിൻറെ വലുപ്പവുമായി ബന്ധമുണ്ടോ?

ഉണ്ട്. രണ്ട് കമ്പിയുള്ള ലൈനാണ് സിംഗിൾ ഫേസ്. കുറഞ്ഞത് നാല് കമ്പി ഉണ്ടെങ്കിലേ ത്രീ ഫേസ് ആകൂ. നമ്മുടെ ആവശ്യങ്ങൾ സിംഗിൾ ഫേസ് ഒതുങ്ങുന്നതാണോ എന്ന് ആദ്യം നോക്കണം. അതിനു ഒരു ഇലക്ട്രിഷ്യൻറെ സഹായം തേടാം. വീടിന്റെ പ്ലിന്ത് ഏരിയ അനുസരിച്ചാണ് ലോഡ് റിക്വർമെൻറ്. 5000 വാട്സിൽ താഴെയെങ്കിൽ സിംഗിൾ ഫേസ് കൊടുക്കും. 5000 വാട്സിനു മുകളിലാണ് ഉപയോഗമെങ്കിൽ തീർച്ചയായും ത്രീ ഫേസ് വേണം. വീടിനോട് ചേർന്ന് ത്രീ ഫേസ് ഇടാനുള്ള സൗകര്യം നിലവിൽ ഇല്ലെങ്കിൽ സ്വന്തം ചിലവിൽ അത് ചെയ്യേണ്ടി വരും. ത്രീ ഫേസിന്റെ ഒരു ഗുണം ഏതെങ്കിലും ഒരു ഫേസിൽ ഇല്ലെങ്കിലും മറ്റു ഫേസുകളിലൂടെ വീട്ടിൽ വൈദ്യുതി എത്തും എന്നതാണ്.

സിംഗിൾ ഫേസും ത്രീ ഫേസും തമ്മിൽ നിരക്കിൽ വ്യത്യാസമില്ല. എന്നാൽ മീറ്റർ വാടകയിലും ഫിക്സഡ് ചാർജിലും നേരിയ വ്യത്യാസമുണ്ട്. കറണ്ട് ചാർജ് സിംഗിൾ ഫേസിലും ത്രീ ഫേസിലും തുല്യമാണ്.
നേരത്തെ പ്ലാൻ ചെയ്ത് ആവശ്യങ്ങൾക്കനുസരിച്ചുമാത്രം പ്ലഗ് പോയിന്റ് കൊടുത്തു കണക്ഷൻ സിംഗിൾ ഫേസിൽ നിർത്താം. ഇപ്പോൾ ഗാർഹിക വൈദ്യുതിയുടെ നിരക്ക് തീരുമാനിക്കുന്നത് കണക്ടഡ് ലോഡ് അനുസരിച്ചല്ല. മീറ്ററിൽ വരുന്ന ഉപയോഗം അനുസരിച്ചാണ്. എന്നാൽ ഭാവിയിൽ കണക്ടഡ് ലോഡും നിരക്ക് കണക്കാക്കുന്നതിലെ ഒരു ഘടകമായി മാറാൻ സാധ്യതയുണ്ട്.

കെട്ടിടനിർമ്മാണത്തിന് പ്രത്യേകം വൈദ്യുതി കണക്ഷൻ എടുക്കേണ്ടതുണ്ടോ?

ഉണ്ട്. നിർമ്മാണപ്രവർത്തനങ്ങൾക്കെടുക്കുന്ന കണക്ഷന് സബ്സിഡി ഇല്ല. അതുകൊണ്ടുതന്നെ ആ വൈദ്യുതിക്കു നിരക്ക് കൂടുതലാണ്. ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതിയുടെ ഏഴോ എട്ടോ ഇരട്ടിയായിരിക്കും ഇത്. നിർമ്മാണാവശ്യത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം നിർമ്മാണപ്രവർത്തനങ്ങൾ തീരുമ്പോൾത്തന്നെ അവസാനിപ്പിക്കേണ്ടതാണ്. വീട് കയറി താമസത്തിനു മുൻപുതന്നെ ഗാര്ഹികത്തിലേക്കു മാറ്റുന്നതാണ് ലാഭം. ഗാർഹിക കണക്ഷനിലേക്കു മാറ്റുന്നത് താമസിപ്പിക്കുന്നതിനനുസരിച് കൂടുതൽ ചാർജ് കൊടുക്കേണ്ടി വരും.

വൈദ്യുതി കണക്ഷൻ കിട്ടാൻ എന്ത് ചെയ്യണം?

കണക്ഷൻ കിട്ടാൻ ഇപ്പോൾ നൂലാമാലകൾ ഒന്നുമില്ല. ലോകത്തിന്റെ ഏതു മൂലയിൽ ഇരുന്നും ഇപ്പോൾ കണക്ഷൻ എടുക്കാൻ സാധിക്കും. രണ്ടു പേജ് ഉള്ള ഫോം മാത്രമാണ് അപേക്ഷ കൊടുക്കാൻ വേണ്ടത്. ഏത് കണക്ഷൻ കിട്ടാനും രണ്ടു രേഖകൾ മതി. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റും, (കരമടച്ച രസീത് ആയാലും മതി). ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും. ഗാർഹിക കണക്ഷൻ ആണെങ്കിൽ തൊഴിലുറപ്പു പദ്ധതിയുടെ കാർഡോ റേഷൻ കാർഡോ കാണിച്ചാൽ പോലും ഇപ്പോൾ കണക്ഷൻ കിട്ടും. മുനിസിപ്പാലിറ്റിയിൽ നിന്ന് വീട്ടു നമ്പർ കിട്ടുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ഗ്യാസ് കണക്ഷൻറെയോ ബി എസ് എൻ എൽ കണക്ഷൻറെ രേഖയും അംഗീകരിക്കും.

വീട് വാങ്ങുമ്പോൾ പഴയ ഉടമയുടെ പേരിൽ നിന്ന് പുതിയ ഉടമയുടെ പേരിലേക്ക് കണക്ഷൻ മാറ്റി കിട്ടുമോ?
വീട് വാങ്ങുകയാണെങ്കിൽ വേഗം തന്നെ കണക്ഷൻ പഴയ ഉടമയുടെ പേരിൽ നിന്നും പുതിയ ഉടമയുടെ പേരിലേക്കാകണം. നിയമാനുസൃതമായി കണക്ഷൻ മാറ്റേണ്ടത് കെട്ടിടം വിൽക്കുന്നയാളുടെ ബാധ്യതയാണ്. വിൽക്കുന്ന ആൾ അത് വൈദ്യുതിബോർഡിൽ അറിയിച്ചു ഉടമസ്ഥാവകാശം മാറ്റം ചെയ്യണം. 350 രൂപയാണ് ഇതിന് വരുന്ന ചെലവ് എന്ന് പറയുന്നത്. കെട്ടിടം വിറ്റു 14 ദിവസത്തിനുള്ളിൽ മാറ്റപ്പെടണം എന്നാണ് നിയമം.

മീറ്റർ കേടായാൽ മാറ്റേണ്ടത് ആര്?

വൈദ്യുതി കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന ഫോമിൽ ഒരു കോളം ഉണ്ട്. ഉപഭോക്താവ് സ്വന്തമായി മീറ്റർ വാങ്ങുകയാണോ അതോ വൈദ്യുതിബോർഡ് തരുന്നത് സ്വീകരിക്കുകയാണോ എന്നാണ് ചോദ്യം. മീറ്റർ ബോർഡിന്റേതാണെങ്കിൽ സിംഗിൾ ഫേസിന് പ്രതിമാസം 6 രൂപയും ത്രീ ഫേസിന് 15 രൂപയും വാടക നൽകണം. അംങ്ങനെയാകുമ്പോൾ മീറ്റർ കേടാകുമ്പോൾ മാറ്റേണ്ടത് ബോർഡിന്റെ ഉത്തരവാദിത്തമാണ്. മീറ്റർ കേടായാൽ അത് ശ്രദ്ധയിൽ പെട്ടാൽ റീഡിങ്ങിന് വരുന്നവർ ബന്ധപ്പെട്ടവരെ അറിയിക്കും. എന്നാൽ ഉപഭോക്താവ് വാങ്ങിയ മീറ്റർ ആണെങ്കിൽ അത് കേടാകുമ്പോൾ അവർ തന്നെ അത് മാറ്റണം.

വീട്ടു വളപ്പിലൂടെ കടന്നു പോകുന്ന പോസ്റ്റ് മാറ്റിയിടാൻ സാധിക്കുമോ?

വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിലൂടെ വൈദ്യുതി കമ്പി കടന്നുപോകുന്നുണ്ടെങ്കിൽ അത് ഉടമയെക്കൊണ്ട് മാറ്റിയതിനു ശേഷം വേണം ആധാരം എഴുതാൻ. അസിസ്റ്റൻറ് എൻജിനീയർക്ക് വെള്ള പേപ്പറിൽ അപേക്ഷ നൽകിയാൽ വേറെ സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ മാത്രം സ്ഥലത്തിലൂടെ പോകുന്ന ലൈനുകൾ ഇലക്ട്രിസിറ്റി ബോർഡ് മാറ്റി തരും. അതിനുള്ള ചെലവ് ഗുണം കിട്ടുന്ന ആൾ എടുക്കേണ്ടി വരും,
ലോ ടെൻഷൻ ലൈനുകൾ മാറ്റാൻ വലിയ നിയമനടപടികളൊന്നുമില്ല. എന്നാൽ ഹൈ ടെൻഷൻ ലൈൻ ആണെങ്കിൽ അത് മാറ്റാൻ കൂടുൽ നടപടികളും ചിലവും വരും.

Please follow and like us:
  • 580
  • 0