kerala house interior design

വീടുകളിൽ പുതിയ സാന്നിധ്യമായി ഫോൾസ് സീലിംഗ്; എന്തെല്ലാം അറിയണം

വീടിന്റെ അകത്തളം ഒന്നിനൊന്നു വ്യത്യസ്തമാക്കുന്നതിൽ ജിപ്സം ബോർഡ് കൊണ്ടുള്ള ഫോൾസ് സീലിംഗ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യഥാർത്ഥ മേൽക്കൂരയ്ക്ക് താഴെ മറ്റൊരു മേൽക്കൂര എന്ന സങ്കൽപ്പമാണ് ഫോൾസ് സീലിംഗ്. വീടിന്റെ ഭംഗി വർധിപ്പിക്കുക, ചോർച്ച തടയുക, ചൂട് കുറയ്ക്കുക, തുടങ്ങി അനവധി പ്രയോചനങ്ങളാണ് ഇതിനു പിന്നിലുള്ളത്. കോൺക്രീറ്റ് വീടുകൾ വന്നതോടെ മച്ചിന്റെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു. ആ നഷ്ട്ടപെട്ട മച്ചുകളുടെ ഒരുതരത്തിലുള്ള തിരിച്ചുവരവാണ് ഈ ഫോൾസ് സീലിംഗ്.

ഫോൾസ് സീലിംഗ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ജിപ്സം ബോർഡുകളാണ്. റോക്ക് സാൻഡ്, ഫൈബർ സിമന്റ്, തുടങ്ങിയ മെറ്റീരിയലുകൾ ഇതിനായി തിരഞ്ഞെടുക്കുന്നു. വെളുത്ത മേൽക്കൂരയ്ക്ക് കീഴെ പല ആകൃതിയിൽ പല നിറത്തിൽ ഫോൾസ് സീലിംഗ് പ്രത്യക്ഷപ്പെടുന്നു. ജിപ്സതിനൊപ്പം ഗ്ലാസ്, തടി, വെനീർ, മെറ്റൽ എന്നിവ ചേർത്തുള്ള കോമ്പിനേഷനുകളും പ്രാബല്യത്തിലുണ്ട്. വീടിനു മോഡി കൂട്ടുക എന്നതാണ് ഇപ്പോൾ പ്രധാനമായും ഫോൾസ് സീലിങ്ങിന്റെ ഉദ്ദേശ്യം.

സീലിങ്ങിൽ നിന്നും തൂങ്ങി നിൽക്കുന്നതൊ അല്ലെങ്കിൽ ഭിത്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നിൽക്കുന്നതോ ആയ ഫ്രെയ്മുകളിലും പാനലുകളിലുമാണ് ഫോൾസ് സീലിംഗ് ഉറപ്പിക്കുന്നത്. സീലിങ്ങിനും ഫോൾസ് സീലിങ്ങിനും ഇടയിൽ കുറഞ്ഞത് ഏഴര-എട്ടു സെ. മീ അകലം വേണം. ചുവരിൽ തൂങ്ങി നിൽക്കുന്ന രീതിയിൽ അലൂമിനിയം ചാനൽ കൊണ്ടുള്ള ഫ്രെയിം പിടിപ്പിച്ചു അതിൽ ഫോൾസ് സീലിംഗ് ഉറപ്പിക്കുന്ന രീതിയാണ് കൂടുതലും നിലവിലുള്ളത്.

ഭംഗി വർധിപ്പിക്കുന്നതിന്റെ ഭാഗമായി തന്നെ ലൈറ്റിംഗ് ആകർഷകമാക്കാൻ ഇത് സഹായിക്കുന്നു. പാനലുകൾ നിർമ്മിച്ച് അതിൻറെ ഭാഗമായി തീർത്ത സീലിംഗിനുള്ളിൽ വിവിധതരം ലൈറ്റുകൾ പിടിപ്പിക്കുന്നു. ആവശ്യമെങ്കിൽ ഇലക്ട്രിക്ക് വയറുകൾ ചുമരിലൂടെ നൽകുന്നത് ഒഴിവാക്കി ഫോൾസ് സീലിംഗിനുള്ളിൽ നൽകാം. ഇത് വീടിൻറെ ഭംഗിയെ കൂട്ടുന്നു. മാത്രമല്ല വയറിൻറെ സുരക്ഷക്കും ഇത് തന്നെയാണ് നല്ലതു.

എന്നാൽ ഫോൾസ് സീലിങ്ങിനും അതിൻറെതായ പോരായ്മകളും ഉണ്ട്. അഴുക്കും പൊടിയും പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പാറ്റ, പല്ലി എന്നിവ കടക്കാനുള്ള സാധ്യതയും കൂടുതലാണ്.
മുറിയിലെ ലൈറ്റുകൾ പരമാവധി ഫോൾസ് സീലിങ്ങിൽ നൽകുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇരുനില വീട്, ക്ലബ്, ഫ്ലാറ്റ്, വില്ലകൾ എന്നിവിടങ്ങളിലെല്ലാം ഇന്ന് ഫോൾസ് സീലിംഗ് വളരെ സാധാരണമായി മാറിക്കഴിഞ്ഞിരിക്കുന്നു.

സീലിംഗ് ഒരുക്കുക മാത്രമല്ല ഭിത്തി പ്ലാസ്റ്റർ ചെയ്യാനും ഇന്ന് ജിപ്സം ഉപയോഗിക്കുന്നു. സിമന്റ് പ്ലാസ്റ്ററിങ് തോൽക്കുന്ന ഇടങ്ങളിലും എളുപ്പത്തിൽ വിജയിക്കാൻ ഇതിനാകും.

Please follow and like us:
  • 535
  • 0